Wednesday, October 21, 2009

കേരള ഹോംസ് (ഭാഗം അഞ്ച്)

"റമദാന്‍ മാസമായത് കൊണ്ട് രാത്രിയില്‍ പള്ളിയില്‍ പ്രത്യേക നമസ്ക്കാരം ഉണ്ടാവും.അന്നും പതിവ് പോലെ നമസ്ക്കാരം കഴിഞ്ഞു മടങ്ങുമ്പോള്‍ പള്ളിയുടെ കിഴക്കേ ഭാഗത്ത് താമസിക്കുന്ന ഭാസ്ക്കരന്റെ വീടിന് വടക്കുവശം ഒരു കരച്ചില്‍ കേട്ടു.ഒരു സ്ത്രീയുടെയായിരുന്നു ആ ശബ്ദം.എന്തെങ്കിലും ആപത്ത് പറ്റിയിട്ടുണ്ടാവുമെന്നു കരുതി ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ വണ്ണം കുറഞ്ഞ ഉയരത്തിലുള്ള ഒരു മനുഷ്യന്‍ കത്തി കൊണ്ട് ഒരാളെ കുത്തുന്നതാണ് കണ്ടത്. രവീ ! വേണ്ട രവീ....എന്ന് ആ സ്ത്രീ കരഞ്ഞു പറയുന്നുണ്ട്.വേറെയും എന്തെക്കൊയോ കരച്ചിലിനിടയില്‍ പറയുന്നുണ്ടെങ്കിലും എനിക്ക് മനസ്സിലായില്ല.എഴുന്നേറ്റു നിന്ന അയാള്‍ വീണ്ടും കുമ്പിട്ടു നിന്ന് രണ്ടു മൂന്ന് പ്രാവശ്യം ആ സ്ത്രീയെ കുത്തി.പൊടുന്നനെ അയാള്‍ ചാടിയെഴുന്നേറ്റു അപ്പുറത്ത് വെച്ചിരുന്ന മോട്ടോര്‍ ബൈക്കില്‍ കയറി വണ്ടി സ്റ്റാര്‍‍ട്ട് ചെയ്തു..."
"വണ്ടിയുടെ നമ്പര്‍ ശ്രദ്ധിച്ചിരുന്നോ?" ഇടയ്ക്കു കയറി ഞാന്‍ ചോദിച്ചു.
"ഇല്ല. നല്ല ഇരുട്ടായിരുന്നു.മാത്രമല്ല ഞാന്‍ ആകെ തരിച്ചു പോയി."
"അയാളുടെ മുഖം നിങ്ങള്‍ കണ്ടിരുന്നോ?" അദ്ദേഹം ചോദിച്ചു.
"ഇല്ല.കാരണം അയാള്‍ എനിക്ക് പുറം തിരിഞ്ഞാണ് നിന്നിരുന്നത് എങ്കിലും,വണ്ടിയില്‍ കയറുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു.താടിയും മീശയും അയാള്‍ക്കില്ലായിരുന്നു. വണ്ടി തിരിച്ച് എതിര്‍വശത്തേക്ക് വന്നപ്പോള്‍ അതിന്റെ ഹെഡ് ലൈറ്റ് എന്റെ മുഖത്തേക്ക് അടിച്ചു.അല്‍പ്പ നേരം അയാള്‍ വണ്ടി റൈസ്‌ ചെയ്തതിനു ശേഷം വേഗത്തില്‍ ഓടിച്ചു പോയി.എന്റെ കണ്ണാകെ മഞ്ഞളിച്ചു"
" പിന്നെ നിങ്ങള്‍ എന്ത് ചെയ്തു?" വീണ്ടും അദ്ദേഹം.
"ഒരു നിനിഷം എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.എന്നാലും നിലത്തു കിടക്കുന്ന ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് ഞാന്‍ ചെന്നു."
"പെണ്‍കുട്ടിയാണെന്ന് നിങ്ങള്‍ക്ക് എങ്ങിനെ മനസ്സിലായി."വീണ്ടും അദ്ദേഹത്തിന്റെ ചോദ്യം.
"പെണ്‍കുട്ടിയാണെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായിരുന്നില്ല.അടുത്ത് ചെന്നപ്പോള്‍ ആണ് അറിഞ്ഞത്.പിന്നീടാണ് മനസ്സിലായതെങ്കിലും ഇപ്പോള്‍ പറഞ്ഞന്നെയുള്ളൂ."
" കുഴപ്പമില്ല ഞാന്‍ ചോദിച്ചെന്നേയുള്ളൂ.തുടര്‍ന്നോളൂ " അദ്ദേഹം ക്ഷമാപണം പോലെ മൊഴിഞ്ഞു. "ആ കുട്ടിയുടെ അടുത്ത് ചെന്നപ്പോള്‍ എനിക്ക് ആ മുഖം നല്ല പരിചയം പോലെ തോന്നിച്ചു.പിന്നെ ഞാനൊന്നും ആലോചിച്ചില്ല.ആ മുഖം ആരുടെതെന്ന് ചിന്തിക്കാനും ശ്രമിച്ചില്ല.വേഗം വീട്ടിലേക്ക് ഓടിപ്പോയി.പക്ഷെ പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് മരണപ്പെട്ടത് ആരെന്നു മനസ്സിലായത്‌.ടെലിഫോണ്‍ ബൂത്തിലിരിക്കുന്ന പെണ്‍കുട്ടിയായിരുന്നു അത്.ഭാസ്ക്കരന്റെ മകള്‍ രാധിക"
"നിങ്ങളെന്ത്കൊണ്ടിത് പോലീസിലറിയിച്ചില്ല"അദ്ദേഹം.
"പേടിച്ചിട്ടായിരുന്നു സാര്‍"
"അപ്പോള്‍ ഈ കത്ത് കിട്ടിയപ്പോഴാണ് ഇങ്ങിനെയൊരു സംഭവത്തെ കുറിച്ച് പറയാമെന്ന് വെച്ചത്.അല്ലേ"
"അല്ല സാര്‍.ആ സംഭവം അധികാരികളെ അറിയിക്കണമെന്ന് ശക്തമായി എന്റെ മനസ്സ് പറയുന്നുണ്ടായി‌ന്നു.ഈ എഴുത്ത് അതിനു കൂടുതല്‍ പ്രചോദനം നല്‍കി എന്ന് മാത്രം"
" പക്ഷെ നിങ്ങള്‍ അപ്പോള്‍ തന്നെ ഈ വിവരം പോലീസില്‍ അറിയിച്ചിരുന്നെങ്കില്‍ പ്രതിയെ പിടിക്കാമായിരുന്നു.മാത്രമല്ല.പാവപ്പെട്ട ഒരു അദ്ധ്യാപികയെ മരണത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു.ആട്ടെ.ഈ കത്ത് എവിടെ നിന്നാണ് കിട്ടിയത്?"
"ഇന്നലെ രാത്രി ഒരാള്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു.ഒരു പ്രത്യേക രീതിയിലാണ് അയാള്‍ സംസാരിച്ചിരുന്നത്.മുമ്പ്‌ ഉണ്ടായിരുന്നവര്‍ നിര്‍ബന്ധ തടസ്സങ്ങളായിരുന്നു.പക്ഷെ നിങ്ങള്‍ ഭാവിയില്‍ എനിക്കൊരു തടസ്സമാകും.അത് കൊണ്ട് അവര്‍ക്ക് പ്രയോഗിക്കുവാന്‍ കഴിയാത്ത ബുദ്ധി നിങ്ങള്‍ പ്രയോഗിക്കുക.വാതില്‍ തുറന്നു നോക്കൂ.എന്നും പറഞ്ഞു ഫോണ്‍ വെച്ചു.ഭയം കൊണ്ട് ഞാന്‍ അപ്പോള്‍ വാതില്‍ തുറന്നില്ല.നേരം വെളുത്തപ്പോള്‍ തുറന്നു.അപ്പോഴാണ്‌ ഈ എഴുത്ത് അവിടെ കണ്ടത്.അപ്പോള്‍ തന്നെ ഇങ്ങോട്ട് പോന്നു.അഞ്ച് നേരം നമസ്ക്കരിക്കുന്ന ഒരു മുസ്ലിമാണ് ഞാന്‍.കളവു പറയില്ല.ഏത് കോടതിയിലും ഞാന്‍ കണ്ടതെല്ലാം പറയാം.അത് കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നത്.ചാവക്കാട്ടെ ഗള്‍ഫുകാരന്റെ മരണത്തെ കുറിച്ച് നിങ്ങളന്വേഷിച്ചതും കുറ്റവാളിയെ പിടിച്ചതുമെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്."
"ഓ.കെ.മിസ്റ്റര്‍ അബൂബക്കര്‍.നിങ്ങള്‍ ഇപ്പോള്‍ പൊയ്ക്കോളൂ.ഇന്ന് രാത്രി താങ്കളുടെ വീട്ടിലേക്ക് ഞാന്‍ വരാം.നമുക്കിന്ന് ഒരുമിച്ചുറങ്ങാം"
അയാള്‍ പോയിക്കഴിഞ്ഞതിനു ശേഷം അദ്ദേഹം ആ എഴുത്തും പിടിച്ച് അങ്ങിനെ തന്നെ കുറെ നേരം ഇരുന്നു.ഞാന്‍ വസ്ത്രങ്ങള്‍ എല്ലാം ഇസ്തിരിയിട്ട് വരുമ്പോഴും അദ്ദേഹം ആ ഇരിപ്പ് തന്നെയാണ്.പെട്ടെന്ന് അദ്ദേഹം ചോദിച്ചു.
(തുടരും)

1 comment:

  1. അപ്പോ അത് ‘രവി’ തന്നെ? :)

    എന്നാലും “സുഹൃത്തേ-3:185” എന്തായിരിയ്ക്കും എന്ന് പിടി കിട്ടുന്നില്ല. മാത്രവുമല്ല, “അവര്‍ക്ക് പ്രയോഗിക്കുവാന്‍ കഴിയാത്ത ബുദ്ധി നിങ്ങള്‍ പ്രയോഗിക്കുക” എന്ന് പറഞ്ഞതില്‍‌ എന്തോ ഒന്ന് ഇല്ലേ എന്നും തോന്നുന്നു.

    ഇന്ററസ്റ്റിങ്ങ് ആകുന്നു... തുടരട്ടെ!

    ReplyDelete