Monday, October 26, 2009

കേരള ഹോംസ് (ഭാഗം പത്ത്)

വാഷ്‌ ബേസിനില്‍ നിന്ന് കൈ കഴുകി വരുമ്പോള്‍ അദ്ദേഹം പറഞ്ഞു.
"മനുഷ്യനെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ആഫ്രിക്കന്‍ ശിലാ പെരുമ്പാമ്പിനെ കുറിച്ച് നീ കേട്ടിട്ടുണ്ടോ? 25 അടി നീളം.50 വര്‍ഷത്തോളം വരെ ആയുസ്സുണ്ട് അതിന്.മാത്രമല്ല മരണം വരെ അത് വളരുന്നു.ഇക്കാലത്തെ മനുഷ്യരുടെ കുറ്റവാസനയും ഇങ്ങിനെ തന്നെയാണ്.മരണം വരെ അത് വളര്‍ന്നു കൊണ്ടിരിക്കും."
"അങ്ങിനെ പറയാന്‍ പറ്റില്ല.കാരണം ചില ആളുകള്‍ മാനസാന്തരം വന്ന് നല്ല മനുഷ്യരായി ജീവിക്കുന്നു.പണ്ട് തെറ്റ് ചെയ്തിട്ടുണ്ടാവും പക്ഷെ ഇന്ന് ആള്‍ മാന്യനായിരിക്കും."
"ആയിരിക്കാം പക്ഷെ എനിക്ക് തോന്നുന്നത് അവര്‍ക്ക് തെറ്റ് ചെയ്യാനുള്ള അവസരം ലഭിക്കാത്തത് കൊണ്ടായിരിക്കും. 60 വയസ്സായ ഒരാള്‍ ഒരു ചെറിയ കുട്ടിയെ പീഡിപ്പിക്കുന്നത് അയാളുടെ ചെറുപ്പത്തിലുള്ള ദുശ്ശീലം മനസ്സില്‍ നിന്ന് മായാത്തത് കൊണ്ടാണ്.സമയവും സന്ദര്‍ഭവും ഒത്തു വന്നപ്പോള്‍ അയാളുടെ മനസ്സിലെ പിശാച് പുറത്തു ചാടി.ആത്യന്തികമായി അയാള്‍ മാറിയിട്ടില്ല എന്നതാണ് സത്യം.രവിയുടെ അവസ്ഥയും അത് തന്നെയാവും"
"അത് പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത്.എങ്ങിനെ മനസ്സിലായി രവിയുടെ അഡ്രസ്‌."
"ഞാന്‍ അയാളുടെ കയ്യിലേക്ക് നോക്കിയെന്നു പറഞ്ഞല്ലോ.അയാളുടെ വലതു കയ്യിലെ ചെറു വിരല്‍ നഷ്ടപ്പെട്ടിണ്ടായിരുന്നു.മാത്രമല്ല മറ്റൊരു വിരലില്‍ വോട്ട് ചെയ്തതിന്റെ അടയാളവും ഉണ്ടായിരുന്നു."
"പിന്നെന്താണ് കണ്ടത്?"
"പിന്നെയൊന്നും കണ്ടില്ല"
"കണ്ടില്ലന്നോ,പിന്നെ കേസിന് വഴിത്തിരിവായെന്നു പറഞ്ഞത്?"
"എടീ മണ്ടൂസേ! 'തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍ ' എന്നത് നിന്നില്‍ നിന്നാണ് ഞാന്‍ പഠിച്ചത്.ഈ തെളിവുകള്‍ തന്നെ ധാരാളം അല്ലേ മോളെ."
"അതെങ്ങിനെ"
"നീയൊന്നു നോക്കൂ.കുറ്റവാളിയുടെ പേര് നമുക്കറിയാം.രൂപവും ഭാവവും അറിയാം.പിന്നെന്താണ് പ്രശ്നം"
"എന്റെ ക്ഷമ നശിക്കുന്നുണ്ട് കേട്ടോ.ഈ അടയാളങ്ങള്‍ വെച്ച് ആള്‍ എവിടുത്തു കാരനാണെന്ന് എങ്ങിനെ മനസ്സിലായി?"
"അതൊരു കണ്ണടച്ച വെടിയായിരുന്നു.ഞാന്‍ വിശദമാക്കാം.വോട്ട് ചെയ്തതിന്റെ മഷി ഒരു വര്‍ഷത്തോളം മായാതെ വിരലില്‍
തന്നെ നില്‍ക്കില്ല എന്ന് എന്നറിയാമല്ലോ"
"അതെ അറിയാം"
"കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലല്ലാതെ ഒരു ഉപതെരെഞ്ഞെടുപ്പും നടന്നിട്ടില്ല.അതില്‍ നിന്ന് തന്നെ അയാള്‍ ആ നിയോജക മണ്ഡലത്തിലുള്ള ഒരു വോട്ടര്‍ ആണെന്ന് മനസ്സിലായി.പിന്നെ ഞാന്‍ ഒന്നും ആലോചിച്ചില്ല.അയാളെ അവിടെ നിന്നും തന്ത്രപരമായി പറഞ്ഞയച്ചു.ശേഷം കമ്മീഷണറെ വിളിച്ച്,തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് രവിയെന്ന പേരുള്ള ആളുകളെയെല്ലാം കണ്ടു പിടിക്കാന്‍ പിടിക്കുവാന്‍ പറഞ്ഞു.അവരില്‍ നിന്നും വണ്ണം കുറഞ്ഞ, ഉയരം കൂടിയ, മീശയും താടിയുമില്ലാത്ത,ഒരു വിരല്‍ നഷ്ടപ്പെട്ട ആളാണ് നിങ്ങള്‍ അന്വേഷിക്കുന്ന കൊലപാതകിയെന്നും പറഞ്ഞപ്പോള്‍ കമ്മീഷണര്‍ക്ക് അത്ഭുതമായി.പിന്നീട് കാര്യങ്ങള്‍ എല്ലാം ബോധ്യമാക്കി കൊടുക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിനും ഉറപ്പായി."
"വോട്ട് കഴിഞ്ഞു ഒരു വര്‍ഷത്തിനിടയില്‍ ആ നാട്ടിലുള്ള ആളുകള്‍ ദൂരെ സ്ഥലങ്ങളിലേക്കെല്ലാം പോകാമല്ലോ.ഉദാഹരണത്തിന് ഗള്‍ഫിലോ മറ്റോ, അപ്പോള്‍ എന്ത് ചെയ്യും?"
"അപ്പോള്‍ എന്ത് ചെയ്യാന്‍.ഗള്‍ഫില്‍ പോയവര്‍ പോകട്ടെ.നമ്മള്‍ അന്വേഷിക്കുന്നത് നാട്ടിലുള്ള രവിയെയാണ്.കാരണം അയാള്‍ ഇന്നലെ രാത്രി കൂടി എന്റെ അടുത്ത് വന്നതാണ്"
"എന്നാല്‍ മറ്റൊരു സംശയം? "
"ഇതുപോലെയുള്ള പൊട്ടത്തരമാണോ?"
"അല്ല.ഒരു പക്ഷെ അയാള്‍ കള്ളവോട്ട് ചെയ്തതാണെങ്കിലോ?അങ്ങിനെ വന്നാല്‍ അയാള്‍ ആ നാടുകാരനാകണമെന്നില്ലല്ലോ"
"അതല്ലേ മോളേ ഇതൊരു കണ്ണടച്ച വെടിയാണെന്ന് ഞാന്‍ പറഞ്ഞത്.മാത്രമല്ല വളരെ വിരളമായെങ്കിലും,ഇതേ നിയോജക മണ്ഡലത്തിലെ, ഇതേ രൂപ സാദൃശ്യമുള്ള ഒരു രവിക്ക്‌ വിരല്‍ നഷ്ടപ്പെട്ടു പോയിക്കൂടാ എന്നൊന്നും ഇല്ലല്ലോ?"
"ശരിയാണ് പക്ഷെ സത്യത്തെ എന്നെന്നെക്കുമായി കുഴിച്ചു മൂടാന്‍ ഒരു ശക്തിക്കും കഴിയില്ല"
ഞാന്‍ പറഞ്ഞതിനെ തലയാട്ടി അംഗീകരിച്ചു കൊണ്ട് അദ്ദേഹം റൂമിലേക്ക്‌ പോയി.മറ്റൊരു സമസ്യക്ക്‌ പൂരണം തേടി .
(കേരള ഹോംസിന്റെ അനുഭവങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല)

1 comment:

  1. മൊത്തത്തില്‍ കുഴപ്പമില്ല.
    :)

    ReplyDelete