Saturday, October 24, 2009

കേരള ഹോംസ് (ഭാഗം ഒമ്പത്)

"നോക്കൂ.അവിവേകമൊന്നും കാണിക്കരുത്.നിങ്ങള്‍ കത്തി മാറ്റൂ,അദ്ദേഹത്തെ വിടൂ."
"വേണ്ട എന്റെ അടുത്തുവരരുത്.എനിക്കിനി മുന്നും പിന്നും നോക്കാനില്ല.കൊന്നു കളയും ഞാന്‍."
വേണ്ട ഒരു സാഹസത്തിനു മുതിരണ്ട എന്ന് ഞാനും കരുതി.അയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.അവസാനം പറഞ്ഞു.
"സുഹൃത്തേ നിങ്ങളെ ഞാന്‍ ഒന്നും ചെയ്യുന്നില്ല.നിങ്ങള്‍ അദ്ദേഹത്തെ വിടൂ.എന്നിട്ട് പൊയ്ക്കോളൂ.ഞാന്‍ തടയില്ല.നിങ്ങളെ പിന്തുടരുകയും ഇല്ല.ഉറപ്പ്.പക്ഷെ അദ്ദേഹത്തെ വിടണം.അതല്ല രക്തം ചിന്താനാണ് നിന്റെ പുറപ്പാട് എങ്കില്‍ ശ്രീപതിയെ നീയറിയും.ദൈവം സാക്ഷി.നിന്നെ ഞാന്‍ കൊല്ലും.എന്ത് വേണമെന്ന് നിനക്ക് ചിന്തിക്കാം"
അത് അയാളെ ഒരു ആശയ കുഴപ്പത്തില്‍ വീഴ്ത്തി.കുറച്ചു നേരം അയാള്‍ അങ്ങിനെ നിന്നു.പിന്നെ അബൂബക്കറിനെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു.ക്ഷണ നേരം കൊണ്ട് അയാള്‍ വാതില്‍ വലിച്ചു തുറന്നു.പുറത്തു വെച്ച ബൈക്കില്‍ കയറി വേഗത്തില്‍ ഓടിച്ചു പോയി.
"എന്ത്!അയാള്‍ രക്ഷപ്പെട്ടുവോ?"
സംസാരത്തിനിടയില്‍ ഭംഗം വരുത്തി ഞാന്‍ ചോദിച്ചു.
"രക്ഷപ്പെട്ടു എന്ന് ഞാന്‍ പറഞ്ഞില്ല.അവിടെ നിന്നും പോയി എന്നെ പറഞ്ഞുള്ളൂ."
"അവിടെ നിന്നും പോയ ആളെ പിന്നെ എങ്ങിനെ പിടികൂടി"
"ഞാന്‍ അയാളെ അവിടെ നിന്നും മനപ്പൂര്‍വ്വം പറഞ്ഞയക്കുകയായിരുന്നു.അയാള്‍ അവിടെ നിന്നാല്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല.മാത്രമല്ല.അത് അബൂബക്കറിന്റെ ജീവന്റെ ഭീഷണിയാണ്."
"എനിക്കൊന്നും മനസ്സിലാവുന്നില്ല തെളിച്ചു പറയൂ."
"പറയാം.അയാള്‍ വീട്ടില്‍ കടന്നു വന്നത് മുതല്‍ ഞാന്‍ അയാളെ ശ്രദ്ധിച്ചിരുന്നു എന്ന് നിന്നോട്‌ ഞാന്‍ പറഞ്ഞല്ലോ.ആ നിരീക്ഷണം എനിക്ക് പല സൂചനകളും തന്നു.കടന്നു വന്ന നിമിഷം അയാള്‍ ആദ്യം അബൂ ബക്കറിനെ നോക്കി പുഞ്ചിരിച്ചു.പിന്നെ എന്നെ കൂടി കണ്ടപ്പോള്‍ അയാളുടെ നെറ്റി സംശയത്താല്‍ ചുളിഞ്ഞു.അത് കൊണ്ട് തന്നെ അബൂബക്കറിനെ അയാള്‍ മുമ്പ് പരിചയമുണ്ടെന്നും.എന്നെ അവിടെ അയാള്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു എന്നും എനിക്കും മനസ്സിലായി."
"ഒരു വീട്ടിലേക്കു കയറിവരുന്ന ആള്‍ സ്വാഭാവികമായും വീട്ടുകാരനോട് പുഞ്ചിരിക്കും.അത് അവര്‍ തമ്മില്‍ മുന്‍ പരിചയം വേണം എന്നില്ലല്ലോ?" അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ പറ്റിയ ഒരു അബദ്ധം ചൂണ്ടികാണിച്ചതിലുള്ള തെല്ല് അഹങ്കാരത്തോടെ ഞാന്‍ പറഞ്ഞു.
"ശരിയാണ്.അങ്ങിനെ വേണമെന്നില്ല.പക്ഷെ ആ ഭാവം എന്നെ കാണുമ്പോഴും വേണ്ടതല്ലേ.അത് ഉണ്ടായില്ല എന്ന് മാത്രമല്ല,അബൂബക്കറിനെ കൂടാതെ മറ്റൊരാളെ കൂടി കണ്ടപ്പോഴുള്ള ആ മുഖത്തെ ഭാവം ഒരു അപരിചിതനായ യാത്രക്കാരന്റെതല്ലായിരുന്നു.ഇത് മനസ്സിലാക്കാന്‍ എം.എ. മലയാളം പാസ്സാകണമെന്നില്ലല്ലോ."
ഉദ്ദേശിച്ചത് എന്നെയായിരിക്കും.അസ്ഥാനത്തുള്ള ചോദ്യം ഒഴിവാക്കാമായിരുന്നു.
"സോറി.പിന്നീടെന്ത്‌ സംഭവിച്ചു?"
"അയാള്‍ പോയികഴിഞ്ഞതിനു ശേഷം ഞാന്‍ കമ്മീഷണര്‍ക്ക് ഫോണ്‍ ചെയ്തു.കുറ്റവാളിയുടെ എല്ലാ ലക്ഷണങ്ങളും പറഞ്ഞുകൊടുത്തു.അത് പ്രകാരം ഇപ്പോഴിതാ പോലീസ്‌ അയാളെ അറസ്റ്റ് ചെയ്തിരിക്കുന്നു."
ഒരാളുടെ രൂപവും ഭാവവും നോക്കി അയാളുടെ കാര്യങ്ങള്‍ പ്രവചിക്കുന്ന ഷെര്‍ലക്ക് ഹോംസിനെ പോലെയാണ് എന്റെ ഭര്‍ത്താവ് എന്ന് ഞാന്‍ മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ.പക്ഷെ അത് കഥയാണ്.എന്നാല്‍ ഇത് യഥാര്‍ത്ഥത്തിലുള്ളതാണ്. അത് കൊണ്ട് തന്നെ ഷെര്‍ലക്ക് ഹോംസിനെ പോലെ കേട്ട് കഥകളില്‍ ജീവിക്കുന്ന ഒരാളല്ല അദ്ദേഹം.അദ്ദേഹത്തിന്റെ കഴിവുകളില്‍ എനിക്ക് നൂറ് ശതമാനം വിശ്വാസമുണ്ടെങ്കിലും അറിയാനുള്ള ആകാംക്ഷയില്‍ ഞാന്‍ ചോദിച്ചു.
"ശരി തന്നെ.പക്ഷെ അയാളെ കുറിച്ച് ഇത്ര കൃത്യമായി കമ്മീഷണര്‍ക്ക് എങ്ങിനെ പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞു?"
"അത് വളരെ നിസ്സാരമാണ്.ഇപ്പോള്‍ അത്ഭുതമെന്ന് തോന്നുന്നുവെങ്കിലും പറഞ്ഞാല്‍ അത് വളരെ എളുപ്പമായിത്തീരും"
"എന്നാലും പറയൂ"
"അയാളുടെ താടിയുടെ അഭംഗി,കണ്ണുകളിലെ തിളക്കം,എന്തിനും പോന്ന ഭാവം,വണ്ണം കുറഞ്ഞ,ഉയരത്തിലുള്ള രൂപം,ഞാന്‍ പ്രതീക്ഷിച്ച സമയത്തുള്ള അയാളുടെ ആഗമനം..എല്ലാം തന്നെ ഇത് രവിയാകാം എന്ന് ഞാന്‍ ആദ്യമേ തന്നെ ഊഹിച്ചു. 3:185 നെ കുറിച്ച് അയാളോട് ചോദിച്ചപ്പോള്‍ കൊപാകുലനായതും പിന്നീടുണ്ടായ സംഭവങ്ങളും എന്റെ ഊഹത്തെ ശരിവെച്ചു.ഞങ്ങള്‍ ഹസ്തദാനം ചെയ്തപ്പോള്‍ ഞാന്‍ സ്ഥിരമായി ചെയ്യാറുള്ള പോലെ ഞാന്‍ അയാളുടെ കൈകള്‍ ശ്രദ്ധിച്ചു.ആ കൈകളിലെ വിരലുകളിലായിരുന്നു അയാളുടെ നിര്‍ഭാഗ്യം കിടന്നിരുന്നത്.അത് തന്നെയാണ് ഈ കേസിന്റെ വഴിത്തിരിവും."
"എന്താണ് നിങ്ങള്‍ വിരലില്‍ കണ്ടത്?"
"അത് പറയാം വെറും ചായ മാത്രമേ ഞാന്‍ ഇന്ന് കുടിച്ചിട്ടുള്ളൂ. കഴിക്കാന്‍ എന്തെങ്കിലും എടുത്തു വെയ്ക്ക്."
പ്രാതലിനുള്ള വിഭവങ്ങളെല്ലാം എടുത്തുവെച്ച് ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചു.
(അടുത്ത ഭാഗത്തില്‍ അവസാനിക്കുന്നു)

3 comments:

  1. ശരി. ബാക്കി കൂടെ എഴുതൂ...

    ReplyDelete
  2. ഹലോ സ്മിത,
    ഹോംസ് പരമ്പര മുഴുവന്‍ ഇപ്പോളാണ് ആദ്യമായി കണ്ടത്‌...ഒറ്റയിരുപ്പില്‍ വായിച്ചു..... കൊള്ളാം... എന്തായാലും ഒരു കുറ്റാന്വേഷണ നോവല്‍ വായിക്കുന്ന എല്ലാ മൂഡും കിട്ടുന്നു... അടുത്ത പോസ്റ്റായി കാത്തിരിക്കുന്നു. ഇനിയും എഴുതുക... ഒപ്പം എന്നെയും സമയം കിട്ടുമ്പോള്‍ ശ്രദ്ധിക്കുക... ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുക...മറക്കരുത്‌. പിന്നെ, കഴിയുമെങ്ങില്‍ ഒരു സൌഹൃദം പ്രതീക്ഷിച്ചോട്ടെ... ഇമെയില്‍ വിലാസം തരുമോ?

    http//:manorajkr.blogspot.com

    ReplyDelete