Friday, October 23, 2009

കേരള ഹോംസ് (ഭാഗം എട്ട്)

അബൂബക്കറിന്റെ വീട്ടില്‍ ഞങ്ങള്‍ കുറെ നേരം സംസാരിച്ചിരുന്നു.വെറും ഒരു മത പുരോഹിതനാണ് അദ്ദേഹം എന്നുള്ള എന്റെ ധാരണ അവിടെ ചെന്നപ്പോഴേ തന്നെ മാറി.അറിവിന്റെ ഒരു വള്ളിക്കുടില്‍ ആയിരുന്നു അദ്ദേഹം.ഷെല്‍ഫില്‍ ഇരിക്കുന്ന പുസ്തകങ്ങള്‍ കണ്ടത് കൊണ്ട് മാത്രമല്ല ഞാന്‍ അങ്ങിനെ വിചാരിച്ചത്.സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ എനിക്കത് മനസ്സിലായി.രാഷ്ട്രീയം സംസാരിച്ചു കൊണ്ടാണ് ഞങ്ങള്‍ തുടങ്ങിയത്.രാജീവ്‌ ഗാന്ധിയുടെ മരണം പൊതു തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ഇനി വരുന്ന പ്രധാന മന്ത്രിക്ക് ബാബരി മസ്ജിദ് പ്രശ്നം ഒത്തുതീര്‍പ്പാകാന്‍ കഴിയുമോ എന്നെല്ലാം അദ്ദേഹം വ്യാകുലപ്പെട്ടു.ഹൈന്ദവ മതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു.ഹിന്ദുവായ എന്നെക്കാളും കൂടുതല്‍ അദ്ദേഹം എന്റെ മതത്തെ കുറിച്ച് പഠിച്ചിരിക്കുന്നു.അന്നത്തെ മാതൃഭുമിയില്‍ വന്ന ശ്രുതികളെയും സ്മൃതികളെയും കുറിച്ചുള്ള ഒരു ലേഖനത്തില്‍ 'ആരണ്യകങ്ങളെ' സ്മൃതിയുടെ കൂട്ടത്തില്‍ എണ്ണിപ്പറഞ്ഞ ലേഖകന് പറ്റിയ അബദ്ധം അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചു അദ്ദേഹം ജ്ഞാനി തന്നെ.ബി.സി.5000 ത്തിലെ സുമേരിയ സംസ്ക്കാരത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു.വാതില്‍ തുറക്കാന്‍ ഞാന്‍ ആംഗ്യം കാട്ടി.താടി നല്ല പോലെ നീട്ടി വളര്‍ത്തിയ മറ്റൊരു മുസ്‌ലിം പുരോഹിതനായിരുന്നു വന്നത്.
"അസ്സലാമു അലൈക്കും" ആഗതന്‍ മൊഴിഞ്ഞു.
"വ അലൈക്കും സലാം" അബൂബക്കര്‍ തിരിച്ചും.
"ഞാന്‍ അഹമ്മദ്‌ കബീര്‍ .കോഴിക്കോട്ടെ നന്തിയില്‍ നിന്നാണ് വരുന്നത്.ഇവിടെയെത്തിയപ്പോള്‍ നേരം കുറെ വൈകി.പള്ളിയില്‍ കിടക്കാമെന്ന് കരുതി ചെന്നപ്പോള്‍ അവിടെ പൂട്ടി കിടക്കുന്നു.അപ്പുറത്തുള്ള പീടികക്കാരനാണ് നിങ്ങളുടെ വീട് കാണിച്ചു തന്നത്."
"അതിനെന്താ സന്തോഷമേയുള്ളൂ.നമുക്കിന്നു ഇവിടെ കഴിയാം.അകത്തേക്ക് വരൂ "
അകത്തേക്ക് കടന്നപ്പോഴാണ് അയാള്‍ , ഇടതുവശത്ത് കസേരയില്‍ ഇരിക്കുന്ന എന്നെ കണ്ടത്.അബൂബക്കറിനെ കണ്ടു പുഞ്ചിരിച്ച അയാളുടെ മുഖം എന്നെ കണ്ടതും അത്ഭുതത്താല്‍ വലിഞ്ഞു മുറുകി.ഉയര്‍ന്നിരിക്കുന്ന അയാളുടെ പുരികം എനിക്ക് കുറെ സൂചനകള്‍ തന്നു.പുഞ്ചിരിച്ചു കൊണ്ട് കടന്നു വന്ന ഒരു അപരിചിതന്‍ അകത്തിരിക്കുന്ന എന്നെ കണ്ടപ്പോള്‍ എന്തിന് പരിഭ്രമിക്കണം.അയാളെ സംബന്ധിച്ച് ഞാനും ഈ വീട്ടിലെ ഒരു അംഗം തന്നെ.പക്ഷേ അയാളുടെ നോട്ടത്തില്‍ നിന്നും ഞാനൂഹിച്ചു അയാള്‍ അബൂബക്കറിനെ മാത്രം പ്രതീക്ഷിച്ചാണ് വന്നത്.മറ്റൊരാളെയും അവിടെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.അതുകൊണ്ടാണ് എന്നെ കണ്ടപ്പോള്‍ ഇങ്ങിനെ നോക്കുന്നത്. അല്ലെങ്കില്‍ അയാള്‍ക്ക്‌ എന്നെ മുമ്പേ അറിയുമായിരിക്കും.
"ഇതാരാണ്?" എന്നെ ചൂണ്ടി അയാള്‍ ചോദിച്ചു."
"ഇത് മിസ്റ്റര്‍ ശ്രീപതി.പ്രൈവറ്റ് ഡിറ്റക്ടീവ്‌ ആണ്.നിങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കൂ. ഞാനൊരു സുലൈമാനി ഉണ്ടാക്കി വരാം."
അയാള്‍ എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തന്നു.കൈ കുലുക്കികൊണ്ട്‌ എന്നെ അഭിവാദനം ചെയ്യുന്നുവെങ്കിലും അയാള്‍ എന്നെ രൂക്ഷമായി നോക്കിക്കൊണ്ടിരുന്നു.ഞാന്‍ എന്റെ പതിവ് ശൈലിയില്‍ അയാളെ അടിമുടി വീക്ഷിച്ചു.ഒരു മത പുരോഹിതന്‍ എന്ന് പറയുമ്പോള്‍ മുഖത്ത് ഉണ്ടാവാറുള്ള ഒരു കാരുണ്യ ഭാവം എനിക്കയാളില്‍ കാണാന്‍ കഴിഞ്ഞില്ല.എന്തിനോ ഉള്ള ഒരു പുറപ്പാട് ആ കണ്ണുകളില്‍ നിന്നും ഞാന്‍ വായിച്ചു.ഒരു വേള ആ താടി കൃത്രിമമാണോ എന്ന് പോലും ഞാന്‍ സംശയിച്ചു.വണ്ണം കുറഞ്ഞ ഉയരം കൂടിയ ഈ മനുഷ്യന്‍ കൊലപാതകിയായ രവിയാണോ എന്ന് ഞാന്‍ എങ്ങിനെ ഉറപ്പിക്കും.എന്റെ ഊഹങ്ങളെല്ലാം ശരിയാവണമെന്നില്ലല്ലോ എന്നാലും ഞാന്‍ ചോദിച്ചു.
"താങ്കളുടെ മതഗ്രന്ഥമായ ഖുറാനില്‍ 'ഏതൊരു ആത്മാവും മരണം ആസ്വദിക്കുന്നതാണ്‌' എന്നൊരു വചനമുണ്ടോ."
ഇത് കേട്ടതും അയാള്‍ ആകെ രോഷാകുലനായി.എന്റെ അടുത്തേക്ക് പാഞ്ഞു വന്നു,എന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുകൊണ്ടു ദേഷ്യത്തില്‍ പറഞ്ഞു
" ഏടാ കഴുതയായി വീട്ടില്‍ നിന്നും പുറപ്പെട്ടാല്‍ കുതിരയായി വീട്ടിലേക്കു തിരിച്ചെത്തുമെന്ന് നീ കരുതിയോ.എന്നാല്‍ അറിഞ്ഞോ നീയാണ് ഇപ്പോള്‍ മരണം ആസ്വദിക്കാന്‍ പോകുന്നത്."
ഇത് പറഞ്ഞതും അയാള്‍ അരയില്‍ നിന്ന് കത്തി വലിച്ചൂരിയതും ഒരിമിച്ചായിരുന്നു.
"എന്നിട്ട് നിങ്ങള്‍ക്കെന്തെങ്കിലും പറ്റിയോ?"
ചായ കുടിച്ച കപ്പ് അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വാങ്ങി ഞാന്‍ ചോദിച്ചു.
"എന്റെ സ്മിതകുട്ടീ,എനിക്കൊന്നും പറ്റിയില്ല.സെമി കോണ്ടാക്റ്റ്‌ ആണെങ്കിലും സീബുക്കാന്‍ കരാട്ടെ കൊണ്ടുള്ള ഗുണം അവിടെ എനിക്ക് ഉപകാരപ്പെട്ടു."
"എന്നിട്ട് ബാക്കി പറയൂ.പിന്നീട് എന്ത് സംഭവിച്ചു?"
"ഈ സമയം ശബ്ദം കേട്ടു അടുക്കളയില്‍ നിന്ന് അബൂബക്കര്‍ ഓടി വന്നു.എന്നാല്‍ എന്റെ ഇടിയുടെ ആഘാതത്താല്‍ നിലത്ത് വീണു കിടന്നിരുന്ന അയാള്‍ ഉടന്‍ അബൂബക്കറിനെ കണ്ടതും ചാടിയെഴുന്നേറ്റ് കത്തി അദ്ദേഹത്തിന്റെ കഴുത്തില്‍ വെച്ചു.അത് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.പിടിവലിയില്‍ ഇളകിപ്പോകാതിരിക്കാന്‍ താടിയില്‍ അയാള്‍ കൂടെ കൂടെ പിടിക്കുന്നുണ്ടായിരുന്നു.ഞാനൊന്ന് പകച്ചു.അബൂബക്കര്‍ മരണവെപ്രാളത്തില്‍ പിടയുകയാണ്.എന്ത് ചെയ്യും?പെട്ടെന്ന് എനിക്കൊരു ബുദ്ധി തോന്നി.ഞാന്‍ പറഞ്ഞു."
(തുടരും)

3 comments: