Wednesday, October 21, 2009

കേരള ഹോംസ് (ഭാഗം അഞ്ച്)

"റമദാന്‍ മാസമായത് കൊണ്ട് രാത്രിയില്‍ പള്ളിയില്‍ പ്രത്യേക നമസ്ക്കാരം ഉണ്ടാവും.അന്നും പതിവ് പോലെ നമസ്ക്കാരം കഴിഞ്ഞു മടങ്ങുമ്പോള്‍ പള്ളിയുടെ കിഴക്കേ ഭാഗത്ത് താമസിക്കുന്ന ഭാസ്ക്കരന്റെ വീടിന് വടക്കുവശം ഒരു കരച്ചില്‍ കേട്ടു.ഒരു സ്ത്രീയുടെയായിരുന്നു ആ ശബ്ദം.എന്തെങ്കിലും ആപത്ത് പറ്റിയിട്ടുണ്ടാവുമെന്നു കരുതി ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ വണ്ണം കുറഞ്ഞ ഉയരത്തിലുള്ള ഒരു മനുഷ്യന്‍ കത്തി കൊണ്ട് ഒരാളെ കുത്തുന്നതാണ് കണ്ടത്. രവീ ! വേണ്ട രവീ....എന്ന് ആ സ്ത്രീ കരഞ്ഞു പറയുന്നുണ്ട്.വേറെയും എന്തെക്കൊയോ കരച്ചിലിനിടയില്‍ പറയുന്നുണ്ടെങ്കിലും എനിക്ക് മനസ്സിലായില്ല.എഴുന്നേറ്റു നിന്ന അയാള്‍ വീണ്ടും കുമ്പിട്ടു നിന്ന് രണ്ടു മൂന്ന് പ്രാവശ്യം ആ സ്ത്രീയെ കുത്തി.പൊടുന്നനെ അയാള്‍ ചാടിയെഴുന്നേറ്റു അപ്പുറത്ത് വെച്ചിരുന്ന മോട്ടോര്‍ ബൈക്കില്‍ കയറി വണ്ടി സ്റ്റാര്‍‍ട്ട് ചെയ്തു..."
"വണ്ടിയുടെ നമ്പര്‍ ശ്രദ്ധിച്ചിരുന്നോ?" ഇടയ്ക്കു കയറി ഞാന്‍ ചോദിച്ചു.
"ഇല്ല. നല്ല ഇരുട്ടായിരുന്നു.മാത്രമല്ല ഞാന്‍ ആകെ തരിച്ചു പോയി."
"അയാളുടെ മുഖം നിങ്ങള്‍ കണ്ടിരുന്നോ?" അദ്ദേഹം ചോദിച്ചു.
"ഇല്ല.കാരണം അയാള്‍ എനിക്ക് പുറം തിരിഞ്ഞാണ് നിന്നിരുന്നത് എങ്കിലും,വണ്ടിയില്‍ കയറുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു.താടിയും മീശയും അയാള്‍ക്കില്ലായിരുന്നു. വണ്ടി തിരിച്ച് എതിര്‍വശത്തേക്ക് വന്നപ്പോള്‍ അതിന്റെ ഹെഡ് ലൈറ്റ് എന്റെ മുഖത്തേക്ക് അടിച്ചു.അല്‍പ്പ നേരം അയാള്‍ വണ്ടി റൈസ്‌ ചെയ്തതിനു ശേഷം വേഗത്തില്‍ ഓടിച്ചു പോയി.എന്റെ കണ്ണാകെ മഞ്ഞളിച്ചു"
" പിന്നെ നിങ്ങള്‍ എന്ത് ചെയ്തു?" വീണ്ടും അദ്ദേഹം.
"ഒരു നിനിഷം എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.എന്നാലും നിലത്തു കിടക്കുന്ന ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് ഞാന്‍ ചെന്നു."
"പെണ്‍കുട്ടിയാണെന്ന് നിങ്ങള്‍ക്ക് എങ്ങിനെ മനസ്സിലായി."വീണ്ടും അദ്ദേഹത്തിന്റെ ചോദ്യം.
"പെണ്‍കുട്ടിയാണെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായിരുന്നില്ല.അടുത്ത് ചെന്നപ്പോള്‍ ആണ് അറിഞ്ഞത്.പിന്നീടാണ് മനസ്സിലായതെങ്കിലും ഇപ്പോള്‍ പറഞ്ഞന്നെയുള്ളൂ."
" കുഴപ്പമില്ല ഞാന്‍ ചോദിച്ചെന്നേയുള്ളൂ.തുടര്‍ന്നോളൂ " അദ്ദേഹം ക്ഷമാപണം പോലെ മൊഴിഞ്ഞു. "ആ കുട്ടിയുടെ അടുത്ത് ചെന്നപ്പോള്‍ എനിക്ക് ആ മുഖം നല്ല പരിചയം പോലെ തോന്നിച്ചു.പിന്നെ ഞാനൊന്നും ആലോചിച്ചില്ല.ആ മുഖം ആരുടെതെന്ന് ചിന്തിക്കാനും ശ്രമിച്ചില്ല.വേഗം വീട്ടിലേക്ക് ഓടിപ്പോയി.പക്ഷെ പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് മരണപ്പെട്ടത് ആരെന്നു മനസ്സിലായത്‌.ടെലിഫോണ്‍ ബൂത്തിലിരിക്കുന്ന പെണ്‍കുട്ടിയായിരുന്നു അത്.ഭാസ്ക്കരന്റെ മകള്‍ രാധിക"
"നിങ്ങളെന്ത്കൊണ്ടിത് പോലീസിലറിയിച്ചില്ല"അദ്ദേഹം.
"പേടിച്ചിട്ടായിരുന്നു സാര്‍"
"അപ്പോള്‍ ഈ കത്ത് കിട്ടിയപ്പോഴാണ് ഇങ്ങിനെയൊരു സംഭവത്തെ കുറിച്ച് പറയാമെന്ന് വെച്ചത്.അല്ലേ"
"അല്ല സാര്‍.ആ സംഭവം അധികാരികളെ അറിയിക്കണമെന്ന് ശക്തമായി എന്റെ മനസ്സ് പറയുന്നുണ്ടായി‌ന്നു.ഈ എഴുത്ത് അതിനു കൂടുതല്‍ പ്രചോദനം നല്‍കി എന്ന് മാത്രം"
" പക്ഷെ നിങ്ങള്‍ അപ്പോള്‍ തന്നെ ഈ വിവരം പോലീസില്‍ അറിയിച്ചിരുന്നെങ്കില്‍ പ്രതിയെ പിടിക്കാമായിരുന്നു.മാത്രമല്ല.പാവപ്പെട്ട ഒരു അദ്ധ്യാപികയെ മരണത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു.ആട്ടെ.ഈ കത്ത് എവിടെ നിന്നാണ് കിട്ടിയത്?"
"ഇന്നലെ രാത്രി ഒരാള്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു.ഒരു പ്രത്യേക രീതിയിലാണ് അയാള്‍ സംസാരിച്ചിരുന്നത്.മുമ്പ്‌ ഉണ്ടായിരുന്നവര്‍ നിര്‍ബന്ധ തടസ്സങ്ങളായിരുന്നു.പക്ഷെ നിങ്ങള്‍ ഭാവിയില്‍ എനിക്കൊരു തടസ്സമാകും.അത് കൊണ്ട് അവര്‍ക്ക് പ്രയോഗിക്കുവാന്‍ കഴിയാത്ത ബുദ്ധി നിങ്ങള്‍ പ്രയോഗിക്കുക.വാതില്‍ തുറന്നു നോക്കൂ.എന്നും പറഞ്ഞു ഫോണ്‍ വെച്ചു.ഭയം കൊണ്ട് ഞാന്‍ അപ്പോള്‍ വാതില്‍ തുറന്നില്ല.നേരം വെളുത്തപ്പോള്‍ തുറന്നു.അപ്പോഴാണ്‌ ഈ എഴുത്ത് അവിടെ കണ്ടത്.അപ്പോള്‍ തന്നെ ഇങ്ങോട്ട് പോന്നു.അഞ്ച് നേരം നമസ്ക്കരിക്കുന്ന ഒരു മുസ്ലിമാണ് ഞാന്‍.കളവു പറയില്ല.ഏത് കോടതിയിലും ഞാന്‍ കണ്ടതെല്ലാം പറയാം.അത് കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നത്.ചാവക്കാട്ടെ ഗള്‍ഫുകാരന്റെ മരണത്തെ കുറിച്ച് നിങ്ങളന്വേഷിച്ചതും കുറ്റവാളിയെ പിടിച്ചതുമെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്."
"ഓ.കെ.മിസ്റ്റര്‍ അബൂബക്കര്‍.നിങ്ങള്‍ ഇപ്പോള്‍ പൊയ്ക്കോളൂ.ഇന്ന് രാത്രി താങ്കളുടെ വീട്ടിലേക്ക് ഞാന്‍ വരാം.നമുക്കിന്ന് ഒരുമിച്ചുറങ്ങാം"
അയാള്‍ പോയിക്കഴിഞ്ഞതിനു ശേഷം അദ്ദേഹം ആ എഴുത്തും പിടിച്ച് അങ്ങിനെ തന്നെ കുറെ നേരം ഇരുന്നു.ഞാന്‍ വസ്ത്രങ്ങള്‍ എല്ലാം ഇസ്തിരിയിട്ട് വരുമ്പോഴും അദ്ദേഹം ആ ഇരിപ്പ് തന്നെയാണ്.പെട്ടെന്ന് അദ്ദേഹം ചോദിച്ചു.
(തുടരും)

Tuesday, October 20, 2009

കേരള ഹോംസ് (ഭാഗം നാല്)

രാധികയും സുമതി ടീച്ചറും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു.രാധികയ്ക്ക് ഏതോ ചെറുപ്പക്കാരനുമായി ബന്ധമുണ്ടായിരുന്നു.മെലിഞ്ഞ്,ഉയരം കൂടിയ അയാളെ ഒരു വട്ടം കോളേജിലെ പ്യൂണ്‍ കണ്ടിരുന്നു.ക്ലീന്‍ ഷേവ്‌ ചെയ്ത ആ മുഖം ശരിക്കും ഓര്‍മിക്കുവാന്‍ കഴിയുന്നില്ലായെങ്കിലും അയാള്‍ ആ കോളേജിലെ വിദ്യാര്‍ത്ഥിയല്ല എന്ന കാര്യത്തില്‍ പ്യൂണിന് സംശയം ഇല്ല.ഇതെല്ലാം പത്രത്തില്‍ വന്ന വാര്‍ത്തകളായിരുന്നു.ഈ കൊലപാതകങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്ന് രണ്ട് ദിവസം പത്രങ്ങളില്‍ വന്നിരുന്നുവെങ്കിലും പിന്നീടത്‌ ശ്രദ്ധിക്കപ്പെടാതെ പോയി.കാരണം ആയിടക്കാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ഒരു ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.പിന്നീട് പത്രം മുഴുവന്‍ രാജ്യത്തെ നടുക്കിയ ആ മഹാ ദുരന്തത്തെ കുറിച്ചുള്ള വാര്‍ത്തകളാല്‍ നിറഞ്ഞു.രാധിക-സുമതി ടീച്ചറുടെ ഘാതകന് ഈ അവസരം ശരിക്കും പ്രയോജനപ്പെട്ടു.ആരും അതിനെ കുറിച്ച് പിന്നീട് അന്വേഷിച്ചില്ല.അങ്ങിനെയിരിക്കെ ജൂണ്‍ മാസത്തിലെ മഴയുള്ള ഒരു സായാഹ്നത്തില്‍ ഒരു മുസ്‌ലിം പുരോഹിതന്‍ ഞങ്ങളുടെ വീട്ടിലേക്ക് കയറി വന്നു.
"സാറുണ്ടോ ഇവിടെ?"
"ഉണ്ടല്ലോ,കയറിയിരിക്കൂ."
ആഗതനെ സ്വീകരിച്ച് ഇരുത്തുമ്പോഴേയ്ക്കും അദ്ദേഹവും വന്നു.ഞാന്‍ ചായയുമായി വരുമ്പോള്‍ അവരുടെ സംഭാഷണം പകുതിയായിരുന്നു.അയാളാകെ പരിഭ്രമിച്ചിരിക്കുകയാണെന്ന് ഒറ്റ നോട്ടത്തിലറിയാം.കീശയില്‍ നിന്നും ഒരു എഴുത്ത് എടുത്ത് അയാള്‍ അദ്ദേഹത്തിന് നീട്ടി."ഇതാണ് സാര്‍ ഞാന്‍ പറഞ്ഞ എഴുത്ത്.എനിക്കൊന്നും മനസ്സിലാവുന്നില്ല."അദ്ദേഹം അത് വായിച്ചു,ഒപ്പം ഞാനും.കയ്യക്ഷരം കണ്ടപ്പോള്‍,സുമതി ടീച്ചര്‍ക്ക്‌ വന്ന എഴുത്തും ഈ എഴുത്തും ഒരാളാണ് എഴുതിയത് എന്ന് എനിക്ക് മനസ്സിലായി.മരണത്തിന്റെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു.ഈ പുരോഹിതനും ഒരു പക്ഷെ മരണപ്പെട്ടേക്കാം.എഴുത്ത് ഇപ്രകാരമായിരുന്നു.
സുഹൃത്തേ-3:185
ivar - the sun
അദ്ദേഹം അത് മടക്കി പോക്കറ്റിലിട്ടു.എന്നിട്ട് പറഞ്ഞു.
"അബൂബക്കര്‍ എന്നല്ലേ പേര് പറഞ്ഞത്"‍
"അതെ സാര്‍.ഞാന്‍ ഇവിടെയുള്ള ജുമാഅത്ത് പള്ളിയിലാണ് ജോലി ചെയ്യുന്നത്"
"ആട്ടെ ,അബൂബക്കര്‍ ആ സംഭവം ഒന്നുകൂടി പറയൂ..എന്റെ ഭാര്യയും കൂടി കേള്‍ക്കട്ടെ.എനിക്കാണെങ്കില്‍ ഒരു വട്ടം കൂടി കേള്‍ക്കുകയാണെങ്കില്‍ കൂടുതല്‍ ഉപകാരമാവും"
അബൂബക്കര്‍ തുടങ്ങി.
(തുടരും)

Tuesday, October 13, 2009

കേരള ഹോംസ് (ഭാഗം മൂന്ന്)

"കഴിഞ്ഞ ആഴ്ച്ച ടെലിഫോണ്‍ ബൂത്തില്‍ ജോലി ചെയ്തിരുന്ന രാധികയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത് നിനക്കോര്‍മ്മയില്ലേ ?മുന്നറിയിപ്പ് തന്നതിന് ശേഷം ദാരുണമായി കൊലപ്പെടുത്തിയത്"
"ശരിയാണ്.ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു.സിനിമയിലെല്ലാം കാണുന്നത് പോലെ ഒരുപാട് രക്ഷാ കവചങ്ങളെ ഭേദിച്ച് ഉദ്ദേശിച്ച ആളെ കൊള്ളുന്ന രീതി."
"പക്ഷേ,ഇവിടെ സ്ഥിതി വ്യത്യസ്തമാണ് സമയവും സന്ദര്‍ഭവും വിവരിച്ചിട്ടില്ല.മരണം വരുന്നു എന്ന ഒരു മുന്നറിയിപ്പ് മാത്രം.അതും ഒരു കോഡ് ഭാഷയില്‍."
"ആരാണ് ഇത് തന്നത്?"
" ഗാന്ധിജി കോളേജിലെ മ്യൂസിക്‌ ടീച്ചര്‍ ഇല്ലേ ഒരു സുമതി നായര്‍ അവര്‍ ഇന്നലെ ബസ്‌ സ്റ്റാന്റില്‍ വെച്ച് തന്നതാണ്.ആകെ പേടിച്ചിരുന്നു അവര്‍.ഒരു പാട് പറയാനുണ്ട്,നാളെ കാണാം,പോലീസിനെ അറിയിക്കരുത് എന്നും പറഞ്ഞു.ആ ടീച്ചര്‍ക്ക്‌ ഈ നാട്ടിലുള്ള വിലയും നിലയും അറിയാമല്ലോ.ഇത്തരത്തിലുള്ള ഒരു കേസ്‌ അവരുടെ ഭാവിയെ ബാധിക്കും എന്ന് ഭയപ്പെട്ടിട്ടുണ്ടാവും."
ശരിയാണ് സുമതി ടീച്ചറുടെ ഒരു കുലീന കുടുംബമാണ്.ഒപ്പം പ്രതാപികളും.അങ്ങിനെയുള്ള ഈ കേസിന്റെ സ്വകാര്യത കാത്ത്സൂക്ഷിക്കുന്നത് മൂലം അവരുടെയും അവര്‍ പഠിപ്പിച്ചിരുന്ന കോളേജിന്റെയും പേരുകള്‍ ഇവിടെ മാറ്റിയെഴുതുന്നതിന്റെ കാരണം നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.

അന്ന് രാത്രി മുഴുവന്‍ അദ്ദേഹം ഇതിനെ കുറിച്ച് തന്നെ ചിന്തിച്ചിരുന്നു.സന്ദേശം വായിക്കാന്‍ കഴിഞ്ഞെങ്കിലും ' ivar - the sun ' എന്നത് അദ്ദേഹത്തിന് മനസ്സിലായില്ല.ഒരു പക്ഷേ പകല്‍ വെളിച്ചത്തില്‍ ടീച്ചറെ കൊല്ലുമെന്നായിരിക്കും the sun എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുകയെന്ന എന്റെ അഭിപ്രായം അദ്ദേഹത്തിന് സ്വീകാര്യമായില്ല.മാത്രമല്ല നേരം വെളുത്തപ്പോള്‍ എന്റെ അഭിപ്രായം ശരിയല്ല എന്ന് മനസ്സിലായി.കാരണം രാത്രിയുടെ ഇരുട്ടില്‍ തന്നെ സുമതി ടീച്ചര്‍ കൊല്ലപ്പെട്ടിരുന്നു.
അദ്ദേഹത്തിന് വളരെയധികം വിഷമമുണ്ട്,മുന്നറിയിപ്പ് കിട്ടിയിട്ടും ടീച്ചറെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ' ivar - the sun ' ഒരു പിടികിട്ടാത്ത ചോദ്യമായി അവശേഷിച്ചു. ടെലിഫോണ്‍ ബൂത്തിലെ രാധികയുടെ കൊലപാതകവും സുമതി ടീച്ചറുടെ കൊലപാതകവും ഒരാളാണ് നടത്തിയത് എന്നും ഒരേ രീതിയിലുള്ളതാണ്‌ എന്നും പോലീസ്‌ അന്വേഷണത്തില്‍ നിന്നും മനസ്സിലായി.എങ്കിലും ആരാണോ എന്താണോ എന്നെന്നും അവര്‍ക്ക് മനസ്സിലായില്ല.കൊല്ലപ്പെട്ട രണ്ടുപേരും ഒരേ കോളജിലായിരുന്നു എന്നത് കൊണ്ട് പോലീസ്‌ ആ വഴിക്ക് അന്വേഷണം നടത്തി.
(തുടരും)

Sunday, October 11, 2009

കേരള ഹോംസ് (ഭാഗം രണ്ട്)

ആ എഴുത്തും പിടിച്ച് അദ്ദേഹം കുറെ നേരമ ചിന്തിച്ചിരുന്നു.ഞാനും ആ എഴുത്തൊന്നു കണ്ണോടിച്ചു. വടക്കേ ഇന്ത്യയിലെ ഏതോ ഒരു ഭാഷയിലെ ഗാനം മലയാളത്തില്‍ എഴുതിയതായിരിക്കാമെന്നാണ് ഞാന്‍ വിചാരിച്ചത്.എത്ര വായിച്ചിട്ടും എനിക്കതില്‍ നിന്ന് ഒന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല.ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
"ഇതെന്താണ്?എവിടെ നിന്നും കിട്ടി?എനിക്കൊന്നും മനസ്സിലായില്ല"
"സ്മിതേ! സപ്ത സ്വരങ്ങള്‍ നാലോ അതോ ഏഴോ?"
ഇപ്പോഴും ഇങ്ങിനെയാണ്‌ അദ്ദേഹം.ഏതെങ്കിലും കേസില്‍ മുഴുകിയിരിക്കുമ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം വ്യത്യസ്തമായ ഉത്തരങ്ങളാണ് വരിക.പക്ഷെ,അനവസരത്തിലുള്ള അത്തരം ഉത്തരങ്ങളുടെ പൂര്‍ണത ആ കേസിന്റെ അന്ത്യത്തില്‍ വ്യക്തമാവും.ഇതെല്ലാം അറിയാവുന്നത് കൊണ്ട് എനിക്കൊട്ടും അത്ഭുതം തോന്നിയില്ല.
"സംശയമെന്ത്‌.പേരില്‍ തന്നെ ഉത്തരം ഉണ്ടല്ലോ.ഏഴ്തന്നെ "
"ശരിയാണ്.പക്ഷെ നമ്മുടെ കക്ഷിക്ക് അത് നാലേയുള്ളൂ."
"എനിക്കൊന്നും മനസ്സിലാവുന്നില്ല കേട്ടോ"
"നീ ആ എഴുത്ത് ഒന്നുകൂടി വായിക്കൂ.എനിക്കത് ഒരാവര്‍ത്തി കൂടി കേട്ടാല്‍ നല്ലതാണ്"
ഞാന്‍ അത് വായിച്ചു.
'സഞാരിഗന്‍മ/സവരിഗരുമ/സന്നൂരിഗമ/സനിരിഗന്നിമ/സലേരിഗക്ക്മ
സമരിഗരമ/സണംരിഗമ/സരിഗമ/സരിഗമ/സരിഗമ/സരിഗമ
ivar-the sun .

"താള ബോധമോ അര്‍ത്ഥ പുഷ്ടിയോ ഇല്ലാത്ത ഈ വാക്കുകള്‍ ഒരു കവിതയോ,പാട്ടോ ആണെന്ന് ഒരു കവയത്രികൂടിയായ നീ ഇപ്പോഴും കരുതുന്നുണ്ടോ?സ്മിതേ,നീയൊന്നു ശ്രദ്ധിച്ചു നോക്കൂ.ഒരു മനുഷ്യന്റെ സൃഷ്ടി മറ്റൊരു മനുഷ്യന് അറിയാന്‍ കഴിയണം.അത് പ്രകൃതി നിയമമാണ്"
ഞാന്‍ ഒന്നുകൂടി അതി വായിച്ചു നോക്കി.സപ്ത സ്വരങ്ങള്‍ നാലാണോയെന്ന് അദ്ദേഹം ചോദിച്ചതിന്റെ കാരണം എനിക്കിപ്പോള്‍ പിടികിട്ടി.കാരണം ഒന്നിലൊഴികെ മറ്റെല്ലാത്തിലും എഴു സ്വരങ്ങളിലെ പ്രഥമ നാല് സ്വരങ്ങളുണ്ട്‌.
"ശരിയാണ്.ആദ്യത്തെ നാല് സ്വരങ്ങള്‍ ഉണ്ടിതില്‍. എന്ത് കൊണ്ടിയാള്‍ ബാക്കി മൂന്ന് സ്വരങ്ങളും കൂടി ചേര്‍ത്തില്ല."
"ഏഴ് സ്വരങ്ങള്‍ ആയാല്‍ അത് സങ്കീര്‍ണമാവും"
"എന്ത്! സ്വരങ്ങള്‍ ചേര്‍ന്നാല്‍ സംഗീതം സങ്കീര്‍ണ്ണമാവുമെന്നോ?"
"എന്റെ പൊന്നേ! ഇത് സംഗീതമല്ല.സന്ദേശമാണ്.കോഡ് സന്ദേശം.ഒന്നില്‍ മാത്രം പഞ്ച സ്വരങ്ങളും മറ്റെല്ലാത്തിലും നാല് സ്വരങ്ങളുമായപ്പോള്‍ ഇതിനു മാത്രം എന്തോ പ്രത്യേകതയുണ്ട് എന്നാണ് ഞാന്‍ ആദ്യം കരുതിയത്‌.പക്ഷെ അതല്ല.യാദൃശ്ചികമാണത്.'സരിഗമ'എന്ന സ്വരങ്ങള്‍ എല്ലാതിലും പ്രതിനിധീകരിക്കുന്നുണ്ട്.എല്ലാതില്‍ നിന്നും 'സരിഗമ'എന്ന സ്വരങ്ങള്‍ എടുത്ത് കളഞ്ഞു ബാക്കിയുള്ളത് വായിക്കൂ."
അപ്രകാരം വായിച്ചപ്പോള്‍ അത് ഇങ്ങിനെയായി.
ഞാന്‍/വരൂ/ന്നൂ/നിന്നി/ലേക്ക്/മരണം
ivar-the sun .
ഞാന്‍ വരുന്നു നിന്നിലേക്ക്‌.മരണം. ivar-the sun .
"ദൈവമേ!ഇതൊരു മുന്നറിയിപ്പാണല്ലോ."
"Yes.it is an indication for a death." (തുടരും)

Saturday, October 10, 2009

കേരള ഹോംസ് (ഭാഗം ഒന്ന്)

"പഠിക്കുന്ന സമയത്ത് ഇംഗ്ലീഷ്‌ ചെറുകഥയിലുണ്ടായിരുന്ന ഷെര്‍ലക്ക്‌ ഹോംസിന്റെ കഥയാണ് നിങ്ങളിത് പറഞ്ഞപ്പോള്‍ എനിക്കോര്‍മ്മ വന്നത്.ഒരാളുടെ മുഖവും ഭാവവും രൂപവും നോക്കി അയാളുടെ മുഴുവന്‍ ചരിത്രവും വിളിച്ചോതുന്ന ഒരു മാന്ത്രികനെപ്പോലെയാണയാള്‍.പക്ഷെ അത് കഥയല്ലേ.എന്നാല്‍ ഇത് നിങ്ങള്‍ക്ക് തീര്‍ച്ചയായും മുന്‍കൂട്ടി അറിയാമായിരുന്നിരിക്കും."
"എന്റെ പ്രിയപത്നീ! ഞാന്‍ ആണയിടുന്നു.എനിക്കിത് നീ സമ്മതിച്ചപ്പോള്‍ അല്ലാതെ മുന്‍കൂട്ടി അറിയില്ലായിരുന്നു.മാത്രമല്ല അത് സത്യമാകുമോ എന്നൊരു ശങ്കയും ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ബോധ്യമായി.എന്റെ നിരീക്ഷണം കണിശമായിരുന്നെന്ന്.സൂക്ഷ്മ നിരീക്ഷണം നടത്തുന്ന ഒരു വ്യക്തിക്ക് തന്റെ നിഗമനം തെറ്റാറില്ല."
"എന്നാല്‍ എങ്ങിനെയാണ് എന്റെ അച്ഛന്‍ ഇവിടെ വന്നതും കരിമീന്‍ കഴിച്ചതും മനസ്സിലായത്‌.""ഇന്ന് രാവിലെ ആഷ്ട്രേ നീയെന്റെ മുമ്പില്‍ വെച്ചല്ലേ വൃത്തിയാക്കിയത്?"
"അതെ"
"ഞാനല്ലാതെ ഈ വീട്ടില്‍ മറ്റാരും പുക വലിക്കാറില്ലല്ലോ?"
"ഇല്ല"
"ഈ ആഷ്ട്രേയില്‍ കിടക്കുന്ന സിഗരറ്റ് കുറ്റി സിസറിന്റെതാണ്.എന്റെ സന്ദര്‍ശകര്‍ ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുണ്ട്.പക്ഷെ അവരാരും നമ്മുടെ വീടിന്റെ ഉള്ളില്‍ വരാറില്ല.പിന്നെ വരാന്‍ സാധ്യത നമ്മുടെ ബന്ധുക്കളാണ്.സാധാരണ ചെറുപ്പക്കാര്‍ അധികവും ഫില്‍റ്റര്‍ ഉള്ള സിഗരറ്റ് ആണ് വലിക്കുക.മാത്രമല്ല,നല്ല മേല്‍ മീശയുള്ള ഞാന്‍ വലിച്ചു കഴിഞ്ഞ സിഗരറ്റ് കുറ്റിയേക്കാളും വലിപ്പമുണ്ട്‌ ഈ ആഷ്ട്രേയില്‍ കിടക്കുന്ന സിസറിന്റെ കുറ്റിയ്ക്ക്.അപ്പോള്‍ തീര്‍ച്ചയായും കട്ടിയുള്ള മീശയും താടിയുമുള്ള ഒരു ചെറുപ്പക്കാരനല്ലാത്ത ഒരാളാവണം ഇത് വലിച്ചത്.നിന്റെ അച്ഛന്റെ മീശയും താടിയും വളരെ പ്രസിദ്ധമല്ലേ.ഇത്രത്തോളം എന്റെ ഊഹമായിരുന്നു.ഈ ഊഹങ്ങളെ പരസ്പ്പരം ബന്ധിപ്പിക്കത്തക്ക രീതിയില്‍ മുറ്റത്ത്‌ പൂച്ചയുടെ വായിലെ മീന്റെ മുള്ളും കൂടി കണ്ടപ്പോള്‍ എന്റെ സംശയം തീര്‍ന്നു.കരിമീന്‍ പ്രിയനായ നിന്റെ അച്ഛനല്ലാതെ മറ്റാര്‍ക്ക് വേണ്ടിയും ഫ്രീസറില്‍ നിന്ന് നീ മീനെടുക്കില്ല എന്ന് നല്ലത് പോലെ അറിയാം.ആട്ടെ,എനിക്ക് വിശക്കുന്നു.ചോറെടുത്ത് വെയ്ക്ക്."
കണ്ടല്ലോ എന്റെ പ്രിയ വായനക്കാരേ,ഇതാണ് എന്റെ ഭര്‍ത്താവ്‌.കല്യാണം കഴിഞ്ഞ ആദ്യ രാത്രി മുതല്‍ എന്നെ ഇത്തരത്തിലുള്ള പ്രവചനങ്ങള്‍ നടത്തുകയും പിന്നെ അതിന്റെ സാധുതകള്‍ വിവരിച്ചു തന്നു എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്യുമായിരുന്നു.അദ്ദേഹത്തിന്റെ വിശദീകരണം കേട്ട് കഴിഞ്ഞാലാണ് ഇത് ഇത്രക്കും നിസ്സാരമായിരുന്നെന്നും നമുക്കും ചിന്തിച്ചു കണ്ടുപിടിക്കാമായിരുന്നെന്നും മനസ്സിലാവുക.പക്ഷെ നമ്മള്‍ നോക്കുമ്പോള്‍ കണ്ണിനു മുന്‍പിലുള്ളത് മാത്രമേ കാണുന്നുള്ളൂ.അദ്ദേഹമാവുമ്പോള്‍ അതിന്റെ സാധുതകളും മാര്‍ഗ്ഗങ്ങളും കൂട്ടി കിഴിച്ച് വ്യക്തമായ ഒരു ഉത്തരം നമുക്ക്‌ തരുന്നു.പിന്നീടതിന്റെ വിവരണവും.പ്രൈവറ്റ് ഡിറ്റക്ടീവ്‌ ആയി ജോലി ചെയ്യുന്ന അദ്ദേഹത്തെ നിങ്ങള്‍ക്ക് നേരില്‍ പരിചയം ഉണ്ടാവില്ല.പക്ഷെ ഒരു പാട് കുഴഞ്ഞു മറിഞ്ഞ കേസുകള്‍ക്ക്‌ അദ്ദേഹം പോലീസിനെ സഹായിച്ചിട്ടുണ്ട്.പ്രശസ്തി ഇഷ്ടപ്പെടാത്ത അദ്ദേഹം കേസുകള്‍ വ്യക്തമായി പഠിച്ചു അവസാനം കുറ്റവാളിയെ കണ്ടെത്തി പോലീസിനു കൈമാറുന്നു.അതിന്റെ സര്‍വ്വ ക്രെഡിറ്റുംപോലീസിനാണെങ്കിലും അദ്ദേഹത്തിന് അതില്‍ വിഷമമുണ്ടായിരുന്നില്ല.ഇന്ന്‍ എന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല.അത് കൊണ്ട് തന്നെ അദ്ദേഹം നിരീക്ഷിച്ചു വിജയിച്ച പല കേസുകളും ഞാനിപ്പോള്‍ വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ്.വിജയിച്ചതിന്റെ ക്രെഡിറ്റ് കീശയിലിട്ടു നടക്കുന്ന പല ഏമാന്‍മാര്‍ക്കും ഇത് ഒരു തിരിച്ചടിയാവും.നിങ്ങള്‍ ക്ഷമിക്കുക.കാരണം എന്റെ പ്രിയപ്പെട്ടവന്റെ സത്യത്തിനു വേണ്ടിയുള്ള സേവന തല്പ്പരത ജനങ്ങളെ അറിയിക്കേണ്ടത് ഒരു ഭാര്യ എന്ന നിലയില്‍ എന്റെ ധാര്‍മിക ഉത്തരവാദിത്വമാണ്. 19 വര്‍ഷം മാത്രമാണ് ഞങ്ങളുടെ ദാമ്പത്യം നിലനിന്നത്.അദ്ദേഹത്തിന്റെ വേര്‍പാടിന് ശേഷം ഇത് എഴുതുമ്പോള്‍ എന്റെ തൂലികയുടെ പരിധി നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.1991 മേയ്‌ 16 അന്നാണ് ആ എഴുത്ത് ഇവിടെ വന്നത്.ഈ തിയ്യതി ഞാന്‍ ഒരിക്കലും മറക്കില്ല.കാരണം അതിന്റെ കൃത്യം 5 വര്‍ഷം മുമ്പാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്.വളരെ നല്ല കയ്യക്ഷരത്തിലുള്ളതായിരുന്നു ആ എഴുത്ത്.വിവാഹ വാര്‍ഷിക ദിനത്തില്‍ ഞങ്ങളുടെ സന്തോഷം ഇല്ലായ്മ ചെയ്യത്തക്ക രീതിയില്‍ ഒരു വലിയ ചിന്തയിലേക്ക് അദ്ദേഹത്തെ ഈ എഴുത്ത് തള്ളിയിട്ടു.
(തുടരും)